ഗര്‍ഭിണികള്‍ ശ്രദ്ധിക്കുക

അമ്മമാരിലെ പൊണ്ണത്തടി നവജാതശിശുക്കളുടെ ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഹൃദയത്തിന്റെയോ ഹൃദയധമനികളുടെയോ ഘടനയില്‍ തകരാറ് കാണപ്പെടുന്ന കോഞെ്ജനിറ്റല്‍ ഹാര്‍ട്ട് ഡിഫക്ട് ആണ് അനാരോഗ്യകരമായ തടിയുള്ള അമ്മമാരുടെ കുട്ടികളില്‍ കാണപ്പെടുന്ന മാരകമായ തകരാറ്. ഗര്‍ഭിണികളിലെ പൊണ്ണത്തടി അമ്മയ്ക്കും കുഞ്ഞിനും ഒട്ടേറെ അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ നേരത്തേ കണ്ടെത്തിയിരുന്നു.

ഗര്‍ഭകാലത്തെ പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയവയ്‌ക്കൊപ്പം അമിതവണ്ണമുള്ള സ്ത്രീകള്‍ക്ക് സിസേറിയന്‍ പ്രസവത്തിനും സാധ്യതയുണ്ടെന്നാണ് മറ്റ് പഠനഫലങ്ങള്‍. ഇത്തരം അമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് പൊണ്ണത്തടിയും പിന്നീട് ടൈപ്പ് 2 പ്രമേഹവും ഉണ്ടാകാനിടയുണ്ടെന്നും ഗവേഷണഫലങ്ങള്‍ തെളിയിക്കുന്നു. കിലോഗ്രാമിലുള്ള തൂക്കത്തെ മീറ്ററിലുള്ള ഉയരത്തിന്റെ പെരുക്കം കൊണ്ട് ഹരിച്ച് കിട്ടുന്ന തുകയായ ബോഡി മാസ് ഇന്‍ഡക്‌സ് 30-ല്‍ കൂടുതലുള്ളവരെയാണ് പൊണ്ണത്തടിക്കാരായി പരിഗണിക്കുന്നത്.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്‍റും എന്‍.ഐ.സി.എച്ച്.ഡി.യും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ 11 വര്‍ഷത്തിനുള്ളില്‍ നടന്ന 15ലക്ഷം പ്രസവങ്ങള്‍ നിരീക്ഷണവിധേയമാക്കിയപ്പോഴാണ് ഇക്കാര്യം വെളിവായത്. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനില്‍ പ്രസിദ്ധപ്പെടുത്തിയ മറ്റൊരു ഗവേഷണഫലത്തില്‍, പൊണ്ണത്തടിയുള്ള അമ്മമാരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാരോഗ്യം കുറഞ്ഞ കുട്ടികളുണ്ടാകാനുള്ള സാധ്യത 11ശതമാനം അധികമാണെന്ന് കണ്ടെത്തുകയുണ്ടായി. എന്നാല്‍ അമിതഭാരമുള്ള അമ്മമാര്‍ക്ക് (വൈദ്യശാസ്ത്രത്തിന്റെ ഭാഷയില്‍ അവര്‍ക്ക് പൊണ്ണത്തടിയില്ലെങ്കില്‍)ഇത്തരം പ്രശ്‌നങ്ങളുണ്ടാകില്ലെന്നും പഠനം വെളിപ്പെടുത്തുന്നു.

പൊണ്ണത്തടിയുള്ള അമ്മമാര്‍ക്ക് പിറക്കുന്ന കുട്ടികള്‍ക്കും പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യതയുണ്ട്.ഇത്തരം അമ്മമാരില്‍ പിറക്കുന്ന കുട്ടികളില്‍ 29ശതമാനം പേര്‍ക്കും ഈയവസ്ഥയുണ്ടാകുമെന്ന് അടുത്തിടെ നടന്ന പഠനങ്ങള്‍ പറയുന്നു. അതുപോലെ ന്യൂറല്‍ ട്യൂബില്‍ തകരാറും(ന്യൂറല്‍ ട്യൂബ് ഡിഫക്ട്‌സ്) ഇത്തരം കുട്ടികളില്‍ കണ്ടുവരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ ഈ തകരാറ് കണ്ടെത്തി പരിഹരിക്കാം. അതുപോലെ ഗര്‍ഭസ്ഥശിശുവിനും അമിതഭാരമുണ്ടായി പ്രസവത്തില്‍ സങ്കീര്‍ണതകള്‍ ഉണ്ടാകാനിടയുണ്ട്.
പ്രതിരോധം

പ്രസവത്തിനുമുന്‍പ് ശരീരഭാരം കുറയ്ക്കുകയാണ് പൊണ്ണത്തടികൊണ്ടുള്ള അപകടം ഒഴിവാക്കാന്‍ ആദ്യം ചെയ്യേണ്ടത്.ഡോക്ടറുടെ ഉപദേശം തേടിയതിനുശേഷം ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തും ഭാരം കുറയ്ക്കാം. ചെറിയതോതില്‍ ഭാരം കുറയ്ക്കുന്നതുപോലും പ്രസവകാലത്തെ സങ്കീര്‍ണതകള്‍ ഒഴിവാക്കാം. പൊണ്ണത്തടി പരിധിവിട്ടുള്ളതാണെങ്കില്‍ അത് കുറയ്ക്കാനുള്ള ശസ്ത്രക്രിയയും പരിഹാരമാണ്.

എന്നാല്‍ ഗര്‍ഭകാലത്ത് ഭാരം കുറയ്ക്കുന്നത് അപകടം ചെയ്യുമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്തുള്ള ഭക്ഷണക്രമീകരണം കുട്ടിക്ക് പോഷകങ്ങള്‍ കിട്ടുന്നത് ഇല്ലാതാക്കും. പകരം നിലവിലുള്ളത് അമിതമായി കൂടുന്നുണ്ടോ എന്ന് നിരീക്ഷിക്കുക.

ഗര്‍ഭകാലത്ത് വിദഗ്ധരുടെ നിര്‍ദേശാനുസരണമുള്ള വ്യായാമം ചെയ്യാവുന്നതാണ്. വീടിനുചുറ്റും മുറിയിലുമുള്ള നടത്തംപോലും ഗുണം ചെയ്യും. ഇത് പ്രസവസമയത്തുള്ള സങ്കീര്‍ണതകള്‍ ഒരളവോളം കുറയ്ക്കും.


No comments:

Post a Comment

എഴുതുക എനിക്കായി....